Tuesday, July 16, 2019

യൂണിവേഴ്സിറ്റി കോളേജും ഗുണ്ടാ മാഹാത്മ്യവും!!!


കുറച്ചു ദിവസമായി യൂണിവേഴ്സിറ്റി കോളേജിനെപ്പറ്റിയുള്ള സ്തുതികൾ എസ്.എഫ്.ഐ/സി.പി.എം അനുഭാവികളിങ്ങനെ ചറപറാ സോഷ്യൽ മീഡിയ വഴി പാടി തകർത്തുകൊണ്ടിരിക്കുകയാണ്! എന്തിനാണാവോ ഇത്രയും കഷ്ടപ്പാടെന്നു നോക്കുമ്പോഴാണിതിലെ തമാശ പുറത്തു വരുന്നത്. എസ്.എഫ്.ഐ നേതാക്കൾ പ്രതിസ്ഥാനത്തായ പുതിയൊരു കുത്തുകേസ് പൊങ്ങിവന്നിട്ടുണ്ട്. ഇതിനു മുൻപും ഇതുപോലെ പല പല കേസുകളുമുണ്ടായിട്ടുണ്ടെങ്കിലും, ഇത്തവണത്തെ വ്യത്യാസം നല്ലൊരു ശതമാനം വിദ്യാർത്ഥികൾ എസ.എഫ്.ഐ കോളേജിനുള്ളിൽ കാണിച്ചുകൊണ്ടിരിക്കുന്ന തോന്ന്യവാസങ്ങൾക്കെതിരെ ശബ്ദമുയർത്തി എന്നതാണ്. ഇത് എസ.എഫ്.ഐ കാളകളെ യൂണിവേഴ്സിറ്റി കോളേജ് എന്ന തൊഴുത്തിൽ പോറ്റി വളർത്തുന്ന ഭരണ കക്ഷിക്ക്‌ മരണ ക്ഷീണമായിപ്പോയി! സാധാരണഗതിയിൽ മുണ്ടും മടക്കിക്കുത്തി റോഡിലിറങ്ങി പോലീസിനും അധ്യാപകർക്കും നേരെ ഷോ കാണിക്കുന്ന മുതിർന്ന നേതാക്കളെയാരെയും ഇത്തവണ കണ്ടില്ല. വിദ്യാർത്ഥികൾ ഒന്നടങ്കം തെരുവിലിറങ്ങുമെന്നുള്ള സ്‌ഥിയായതിനാലും, അങ്ങനെയുണ്ടായാൽ അത് ഭരണ കക്ഷിയായ സി.പി.എമ്മിനെ നല്ല കാര്യമായി നാറ്റിക്കുമെന്നുള്ളതും ഇതിനൊരു പ്രധാന കാരണമാണ്! പഴയ അഭ്യാസങ്ങളെക്കുറിച്ചൊക്കെ ഓർത്തപ്പോൾ യു.ഡി.എഫ് ഭരണമെങ്ങാനുമായിരുന്നെങ്കിൽ എന്ന് കോടിയേരി സഖാവും ബാച്ചും ചെറുതായെങ്കിലുമൊന്നാശിച്ചു പോയിട്ടുണ്ടെങ്കിൽ അവരെ കുറ്റം പറയാൻ പറ്റില്ല! ഹോ എന്ന ഒരിതായിരുന്നു... നടുറോട്ടിലിട്ടു പോലീസേമാന്മാരേയും, കോളേജിലെ സാറന്മാരേയുമൊക്കെ തെറി പറഞ്ഞു, വിരട്ടി പോസ്റ്ററാക്കുന്ന രംഗം ടീവിയിൽ വന്നത് സഖാക്കന്മാർ ഇന്നുമോർത്തു കോരിത്തരിക്കാറുണ്ടായിരിക്കും. ഇന്നിപ്പോൾ അതൊന്നും പറ്റില്ലല്ലോ, സ്വന്തം ഭരണമല്ലേ! പോരാത്തതിന് വീട്ടിൽ ചിലപ്പോൾ ഒരു കുഞ്ഞിക്കാല് ഫ്രീയായിട്ടിങ്ങെത്താനും സാധ്യത തെളിഞ്ഞിരിക്കുവല്ലേ!!

എസ്.എഫ്.ഐ കോട്ട എന്നറിയപ്പെടുന്ന, മാർക്സിൻറെയും, ലെനിനിൻറെയും ചിത്രങ്ങൾ കോളേജിനകത്തു പെയിൻറ് ചെയ്തു വച്ചിട്ടുണ്ടായിരുന്ന ഇതേ യൂണിവേഴ്സിറ്റി കോളേജിലാണ് ഞാൻ എൻറെ എം.എ ചെയ്തത്. എൽ.ഡി.എഫ് ഭരിക്കുന്ന കാലത്ത് പഞ്ചപുച്ഛമടക്കി മിണ്ടാതിരുക്കുകയും, യൂ.ഡി.എഫ് ഭരണം വരുമ്പോൾ സെക്രെട്ടറിയേറ്റിനു മുന്നിൽ കയ്യാങ്കളി നടത്താനും, പൊതുമുതൽ നശിപ്പിച്ചു ഷോ കാണിക്കാനും പാർട്ടി നിയോഗിച്ചു, പോറ്റി വളർത്തിയിരുന്ന വെറും തറ ഗുണ്ടകൾ (പല, പല കോഴ്സുകളിലായി ചേർന്ന്, സ്ഥിരമായി അവിടെത്തന്നെ കുറ്റിയടിച്ചിരുന്നവാന്മാർ), ഉണ്ടായിരുന്നവിടെ; ഇന്നുമുണ്ടാവും, എന്നുമുണ്ടാവും.  യൂണിവേഴ്സിറ്റി കോളേജിനകത്ത് ആയുധശേഖരം ഉണ്ടായിരുന്നു എന്നുള്ളതും അവിടെ പഠിച്ചുകൊണ്ടിരുന്ന എല്ലാവർക്കുമറിയാവുന്ന രഹസ്യമായിരുന്നു! അവിടെ പഠിച്ച മഹാന്മാരുടെ കണക്കു പലരും നിരത്തുന്നത് കണ്ടു, എം.പി മാരുടെയും, ഡി.ജി.പി മാരുടെയും, സാഹിത്യകാരന്മാരുടെയും, പേരുകേട്ട സിനിമാപ്രവർത്തകരുടെയും, ശാസ്ത്രജ്ഞന്മാരുടെയും മറ്റും പേരുകൾ! പക്ഷെ ഇവിടെ കാലാകാലങ്ങളായി പഠിച്ചുവന്ന സി.പി.എം/എസ.എഫ്.ഐ ഗുണ്ടാ മഹാരഥന്മാരുടെ കണക്കാരും നിരത്തുന്നത് കണ്ടില്ല. സോഷ്യലിസമൊക്കെയാകുമ്പോൾ അവരുടെ പേരുംകൂടെ പറയേണ്ടേ? അവരും മനുഷ്യരല്ലേ? നഷ്ടപ്പെടുവാൻ കൈവിലങ്ങുകളല്ലാതെ മറ്റൊന്നുമില്ലാത്ത പാവങ്ങൾ! ഇപ്പോൾ പിടിയിലായ യൂണിറ്റ് സെക്രെട്ടറിയെയും പ്രസിഡൻറിനെയും തന്നെ നോക്കൂ, എത്ര തങ്കം പോലത്തെ പിള്ളേർ, പിന്നെ കുറച്ചു മോഷണവും, കുറച്ചു കത്തിക്കുത്തും, ഗുണ്ടായിസവുമൊക്കെ കൈമുതലായുണ്ടെന്നല്ലേ ഉള്ളു? അതൊക്കെ ഒരു തെറ്റാണോ? മഹാരാജാസ് കോളേജിലെ അഭിമന്യുവിനെ കുത്തിക്കൊന്നപ്പോഴുള്ളതുപോലുള്ള സി.പി.എമ്മിൻറെ ആ ശക്തമായ ഇടപെടൽ ഇവിടെയും കണ്ട് കേരളക്കരയാകെ നടുങ്ങിയിരിക്കുകയാണ്! കുറച്ചൂടെ നടുങ്ങണമെങ്കിൽ പാർട്ടി ചാനലായ കൈരളി ടീവിയിലെ വാർത്തകൾ കണ്ടാൽ മതി, ന്യായീകരണ-തൊഴിലാളി ഐക്യം ശരിക്കു കാണാം!

സ്വന്തം സംഘടനകൾക്കകത്തു നേതാക്കന്മാർ നടത്തുന്ന ശുദ്ധ പോക്കിരിത്തരങ്ങൾക്കെതിരെ കണ്ണടയ്‌ക്കുന്ന ന്യായീകരണ-തൊഴിലാളികളായ അണികളും, സ്വന്തം വിദ്യാർത്ഥി സംഘടനയും അണികളും നടത്തുന്ന പോക്കിരിത്തരങ്ങൾക്ക്‌ കുടപിടിക്കുന്ന നേതൃത്വവും, ഇതുപോലൊരു കോമ്പിനേഷൻ വേറെ എവിടെക്കാണും? ബേയ്നാമികളുടെ കമ്പനികളിൽ ജോലി നോക്കുന്ന മക്കളും, അവർക്കു ജോലിയൊപ്പിച്ചു കൊടുക്കാനും, അവരെ കേസുകളിൽ നിന്നൂരാനും നടക്കുന്ന തന്തമാരും നയിക്കുന്ന വിപ്ലവ പാർട്ടി... അഴിമതിരഹിതം, സുതാര്യം, അതിസുന്ദരം! കുറച്ചുനാൾ മുൻപ് മഹാരാജാസ് കോളേജിൻറെ ഹോസ്റ്റലിൽ നിന്ന് ആയുധശേഖരം കണ്ടെടുത്തപ്പോൾ, നിയമസഭയിൽ അതിനെതിരെ ചോദ്യമുയർന്നു. ആതിനുത്തരമായി "അവിടെ കണ്ടുപിടിച്ചത് കെട്ടിട നിർമാണത്തിനുപയോഗിക്കുന്ന കമ്പിയും വെട്ടുകത്തിയുമൊക്കെയാണെന്നാണ്" മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ മൊഴിഞ്ഞത്! വിജയൻറെ തന്നെ ആഭ്യന്തര വകുപ്പിന് കീഴിലുള്ള പൊലീസ് പിടിച്ചെടുത്ത ആയുധങ്ങൾ നിരത്തി വച്ചിരിക്കുന്നതും, മഹാരാജാസ് കോളേജിലെ ഒരു എസ.എഫ്.ഐ മാന്യദേഹം അവിടത്തെ പ്രിസിപ്പലിനെതിരെ കയർക്കുന്നതിൻറെയും, അവരെ ഭീഷണിപ്പെടുത്തുന്നതിൻറെയും ദൃശ്യങ്ങൾ ഇവിടെയുള്ള എല്ലാ ന്യൂസ് ചാനലുകളിലും വരികയും കേരളക്കരയിലെല്ലാവരും കണ്ടതുമാണ്! അടഞ്ഞു കിടന്നിരുന്ന മുറിയിൽ ഗോവണിവെച്ചു ജനാല വഴി അതിക്രമിച്ചു കയറിയാണ് "കെട്ടിട നിർമാണ സാമഗ്രികൾ" അവിടെ ശേഖരിച്ചത്. ആ തോന്ന്യാസം കാണിച്ചവന്മാരെ പിടിച്ചകത്തിടുന്നതിനു പകരം അവരെ സംരക്ഷിച്ചു സംസാരിക്കുവാനും, ഈ കുറ്റകൃത്യം പുറത്തുകൊണ്ടുവന്ന അധ്യാപകരെയും, താൻ തന്നെ കൈകാര്യം ചെയ്യുന്ന ആഭ്യന്തര വകുപ്പിൻറെ കീഴിലുള്ള പൊലീസുകാരെയും നാട്ടുകാരുടെ മുന്നിൽ വെറും കോമാളികളും, വിഡ്ഢികളുമായി (നിയമസഭയ്ക്കുള്ളിൽ) ചിത്രീകരിക്കുകയാണ് മുഖ്യൻ ചെയ്തത്! ഇതാണ് ശരിക്കും ഇടതുപക്ഷത്തിൻറെ നയം!

യൂണിവേഴ്സിറ്റി കോളേജിൽ പഠിച്ചവർ പലരും വളരെ വലിയ നിലയിലെത്തിയിട്ടുണ്ടാവാം, അത് കോളേജ് കെട്ടിടത്തിൻറെയോ, എസ.എഫ്.ഐ-ഗുണ്ടകളുടെയോ ഗുണം കൊണ്ടല്ലല്ലോ, അവിടത്തെ അധ്യാപകരുടെയും, ആ പഠിച്ച വിദ്യാർത്ഥികളുടെയും ഗുണംകൊണ്ട് മാത്രമല്ലേ! നമ്മൾ പഠിച്ച കോളേജിനോടും സ്കൂളിനോടുമൊക്കെ നമുക്കൊരു പ്രത്യേക സ്നേഹം തോന്നുന്നത് സ്വാഭാവികം. നമ്മുടെ സ്വകാര്യ ഓർമകളിൽ അവയ്ക്കുള്ള സ്ഥാനവും വലുതായിരിക്കും. പക്ഷെ യൂണിവേഴ്സിറ്റി കോളേജിനെപ്പോലെ മഹത്തായ പാരമ്പര്യമുള്ളൊരു കലാലയത്തെ ഞാൻ മേൽപ്പറഞ്ഞപോലെ എസ.എഫ്.ഐ കാളകളെ പോറ്റാനായി സി.പി.എം നടത്തുന്ന വെറുമൊരു കാലിത്തൊഴുത്തായി മാറ്റിയിരിക്കുന്നത് (അതും വർഷങ്ങളായി) വളരെ കഷ്ടമാണെന്നു മാത്രമല്ല, തലസ്ഥാന നഗരമധ്യത്തിൽ ഇങ്ങനൊരു കാലിത്തൊഴുത്ത് സ്ഥിതി ചെയ്യുന്നത് ഈ നാടിനുതന്നെ കളങ്കമാണ്. ഇങ്ങനെയൊരു സ്ഥലത്തെ പൂർവ വിദ്യാർത്ഥിയായിരുന്നു എന്ന് പറയുന്നതിൽ ഞാനൊരഭിമാനവും കാണുന്നുമില്ല.

എ.കെ. ആൻറണി സർക്കാരിൻറെ സമയത്ത് ഡിഗ്രി ലെവൽ കോഴ്സുകളെല്ലാം അവിടെ നിന്നും കാര്യവട്ടം ക്യാമ്പസ്സിലേക്ക് മാറ്റാൻ തീരുമാനമായിരുന്നു. കേരളത്തിൽ ഇന്നേവരെ ഏതെങ്കിലും ഗവൺമെൻറെടുത്തിട്ടുള്ള ഏറ്റവും ധീരവും നല്ലതുമായ തീരുമാനങ്ങളിലൊന്നായയിരുന്നു അത്. തൊട്ടു പിന്നാലെ വന്ന എൽ. ഡി. എഫ് സർക്കാർ എല്ലാം പഴയപടി തിരിച്ചു കൊണ്ടുവന്നു. ഈ സ്ഥാപനാമവിടില്ലാതെ അവരുടെ കലാപരിപാടികൾ നടത്താനും, ശിവരഞ്ജിത്തിനെയും, നസീമിനെയും പോലുള്ള എച്ചിൽതീനികളെ വളർത്തി വലുതാക്കി ഭാവിയിലെ ബല്യ, ബല്യ സഖാക്കളാക്കാനും പറ്റില്ലല്ലോ!! കഷ്ടം!!!