ഒരു കഥയിലെ ഒരു കഥാപാത്രം മറ്റൊരു കഥാപാത്രത്തോട് സംസാരിക്കുന്ന ഭാഗമെടുത്ത് അതു കഥാകൃത്തിൻറെ അഭിപ്രായമാണെന്ന് പറഞ്ഞു ബഹളമുണ്ടാക്കാൻ വിവരമില്ലായ്മ ഒരലങ്കാരമായി കൊണ്ട് നടക്കുന്ന സംഘികൾക്കും അവരുടെതന്നെ പ്രതിബിംബങ്ങളായുള്ള സുഡാപ്പികൾക്കും മാത്രം സാധിക്കുന്ന ഒരു പ്രത്യേക കഴിവാണ്. "Not letting your education get in the way of your ignorance" എന്നതിൻറെ നേർകാഴ്ച !!! പണ്ടെവിടെയോ (ഇതുപോലുള്ള വേറെയേതോ വിവരക്കേടിനോട് പ്രതികരിച്ച്) ആരോ ഇട്ട ഒരു കോമെൻറാണ് പെട്ടെന്നോർമ വന്നത്, "ക്ലാസ്സിൽ പോയി നാലക്ഷരം പഠിക്കേണ്ട സമയത്ത് ശാഖയിലും, മദ്രസ്സയിലും പോയി പുറമ്പോക്ക് പഠനം നടത്തിയാലിങ്ങനിരിക്കും!"
ഇതൊരു വാർത്തയാക്കി പൊലിപ്പിച്ചു കൊണ്ടുവന്നവനോ (വരോ) വരുത്തിത്തീർക്കാൻ ശ്രമിക്കുന്നപോലെ ഇത് കഥയെഴുതിയ ആൾ പറഞ്ഞൊരഭിപ്രായമോ, നോവലിൽത്തന്നെ പൊതുവായി വന്ന ഒരു പരാമർശമോ അല്ല, മറിച്ച്, മേൽപറഞ്ഞപോലെ, ഇതൊരു സാങ്കൽപ്പിക കഥാപാത്രം മറ്റൊരു കഥാപാത്രത്തോട് പറയുന്ന കാര്യമാണ്. വളരെ ആസൂത്രിതമായി ഇതോരു വിവാദമായി കുത്തിപ്പൊക്കുന്നതിലുള്ള ഗൂഢ ലക്ഷ്യവും, അതിനെ അനുകൂലിച്ചുള്ള പ്രതികരണങ്ങളിൽ നല്ലൊരു ശതമാനം ഏച്ചുകെട്ടിയവയാണെന്നുള്ളതും (സ്വന്തം മനസാക്ഷിയെത്തന്നെ വഞ്ചിക്കുന്നവ), ഇത് നടക്കുന്നത് വിവരമുള്ളവരുടെ നാടെന്നു നമ്മളഹങ്കരിക്കുന്ന കേരളത്തിലാണെന്നുള്ളതുമാണ് ഏറ്റവുമധികം നമ്മെ അലട്ടേണ്ട പ്രശനം. ഈ വിവരക്കേടിനെ അനുകൂലിച്ചു പ്രതികരിക്കുന്ന മഹാന്മാരിലും മഹതികളിലും നൂറിൽ തൊണ്ണൂറ്റൊൻപതു പേരും ഈ നോവൽ വായിച്ചിട്ടില്ല എന്നതാണ് ഏറ്റവും വലിയ തമാശ! മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ഖണ്ഡശ്ശ: പ്രസിദ്ധീകരിച്ചുകൊണ്ടിരുന്ന നോവലിനെതിരെ പ്രതികരിച്ച് മാതൃഭൂമി പത്രം കത്തിച്ചും, കക്കൂസിലിട്ടും ഫോട്ടോ എടുത്തു ഫേയ്സ്ബുക്കിലും, വാട്ട്സാപ്പിലും, ഇൻസ്റ്റാഗ്രാമിലുമൊക്കെ ഇട്ടും ഷെയർ ചെയ്തും സായൂജ്യമടയുന്ന അണ്ണന്മാരുടെയും അണ്ണികളുടെയും എണ്ണം നോക്കിയാൽ മതി ഇത് മനസ്സിലാക്കാൻ. അണ്ണികളിൽ പലരും മുണ്ടും നേര്യതുമൊക്കെയണിഞ്ഞു, മുടിയിൽ പൂചൂടി കേരളീയ ശൈലിയിൽ വേഷമിട്ട് (ഈപ്പറഞ്ഞ വേഷം എന്നുമുതലാണ് കേരളീയമായതെന്നുള്ളത് തത്കാലത്തേക്കു വിട്ടേക്കാം) സെൽഫിയെടുത്തിടുന്നതാണ് കക്കൂസ് പടങ്ങൾക്കിടയിൽ കണ്ണുകൾക്കൊരാശ്വാസം!!
ഇനി വിവരമുണ്ടായിട്ടും വിവരമില്ലായ്മ നടിക്കുന്ന ഗണത്തിൽ പെടാത്ത പാവം ഗ്രാസ്റൂട്ട് ഭക്തന്മാർക്കും ഭക്തകൾക്കും വേണ്ടി ഒന്നുദാഹരിക്കാം; നിങ്ങൾ ഒരു കഥയെഴുതുന്നു, അതിലെ ഒരു കഥാപാത്രം അത്യന്തം സ്ത്രീ വിരുദ്ധത ഓരോ വാക്കിലും പ്രകടിപ്പിക്കുന്ന ഒരാഭാസനാണ്. കഥയിലെ ആ കഥാപാത്രത്തിൻറെ വാക്കുകളെയും അഭിപ്രായങ്ങളെയും, അയാളങ്ങനെ ഒരാളാണെന്നിരിക്കെ, നിങ്ങളെങ്ങനെ എഴുതി പ്രകടിപ്പിക്കും? ആ കഥാപാത്രത്തിൻറെ അഭിപ്രായങ്ങൾ ഏതു രീതിയിൽ നിങ്ങളുടെ സ്വന്തം അഭിപ്രായമാകും? ഇത് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ വന്നുകൊണ്ടിരിക്കുന്ന മീശ എന്ന നോവലിലെ ഒരു കഥാപാത്രം മറ്റൊരു കഥാപാത്രത്തോട് സംസാരിക്കുന്ന വാക്കുകളാണ്, അതിനെ മാത്രം മനപ്പൂർവം വെട്ടിയെടുത്ത് പ്രചരിപ്പിക്കുന്നതാണ്, അല്ലാതെ ആ കഥാകൃത്ത് സ്വന്തം അഭിപ്രായം രേഖപ്പെടുത്തുന്ന ലേഖനത്തിൽ നിന്നെടുത്തതല്ല!
ഒരു കാര്യമാലോചിച്ചാൽ ഇതിലെ പൊള്ളത്തരം മനസ്സിലാകും. 'നിർമാല്യം' എന്നൊരു സിനിമ നിങ്ങളിലെത്രപേർ കണ്ടിട്ടുണ്ടെന്നെനിക്കറിഞ്ഞു കൂടാ. മലയാളത്തിൽ ഇന്നേവരെ ഇറങ്ങിയിട്ടുള്ള ഏറ്റവും നല്ല സിനിമകളിലൊന്നാണത്, ഇതുവരെക്കണ്ടിട്ടില്ലെങ്കിൽ തീർച്ചയായും കാണണം. അതിലെ പ്രധാന കഥാപാത്രമായ വെളിച്ചപ്പാടിനെ അവതരിപ്പിച്ചത് പി ജെ ആന്റണിയാണ്, എം ടി വാസുദേവൻ നായരുടെ കഥയും സിനിമയുമാണ് . ആ സിനിമയുടെ അവസാനം വെളിച്ചപ്പാട് ഉറഞ്ഞുതുള്ളി ശ്രീകോവിലിന്റെ വാതിൽ തള്ളിത്തുറന്നകത്തു കയറി ദേവിയുടെ വിഗ്രഹത്തെ ദയനീയമായി നോക്കിയിട്ടതിലോട്ടു കാറി തുപ്പും. ഈ പറഞ്ഞ ന്യായം വച്ചാണെങ്കിൽ തുപ്പിയ പി ജേ ആന്റണി-യും കഥയെഴുതിയ എം ടി-യും കുറ്റക്കാരാണല്ലോ. എടുത്തു ചാടി പ്രതികരിക്കുന്നതിനു മുന്നേ ഇതിലെ ശുദ്ധ വിഡ്ഢിത്തം ഒന്നാലോചിച്ചു നോക്കൂ. ഈ വാർത്ത ഉണ്ടാക്കിയവൻറെ ഉദ്ദേശവും അതുതന്നെയാണ്!
വിവരമില്ലായ്മ ചൊറി പോലെയാണ്, അതൊരു സാംക്രമിക രോഗമാണോ എന്ന് ചോദിച്ചാൽ ആണ്, പക്ഷെ അതൊരലങ്കാരമായി കാണിച്ചു കൊണ്ടുനടക്കുന്നതും, ആഘോഷമാക്കുന്നതും മാനസികരോഗത്തിൻറെ ലക്ഷണമാകാം!!!
No comments:
Post a Comment