Sunday, July 22, 2018

മീശ ചുരുണ്ടുകൂടുമ്പോൾ മലയാളി കോമാളിയാകുന്നുവോ??!!


ഒരു കഥയിലെ ഒരു കഥാപാത്രം മറ്റൊരു കഥാപാത്രത്തോട് സംസാരിക്കുന്ന ഭാഗമെടുത്ത് അതു കഥാകൃത്തിൻറെ അഭിപ്രായമാണെന്ന് പറഞ്ഞു ബഹളമുണ്ടാക്കാൻ വിവരമില്ലായ്മ ഒരലങ്കാരമായി കൊണ്ട് നടക്കുന്ന സംഘികൾക്കും അവരുടെതന്നെ പ്രതിബിംബങ്ങളായുള്ള സുഡാപ്പികൾക്കും മാത്രം സാധിക്കുന്ന ഒരു പ്രത്യേക കഴിവാണ്. "Not letting your education get in the way of your ignorance" എന്നതിൻറെ നേർകാഴ്ച !!! പണ്ടെവിടെയോ (ഇതുപോലുള്ള വേറെയേതോ വിവരക്കേടിനോട് പ്രതികരിച്ച്) ആരോ ഇട്ട ഒരു കോമെൻറാണ് പെട്ടെന്നോർമ വന്നത്, "ക്ലാസ്സിൽ പോയി നാലക്ഷരം പഠിക്കേണ്ട സമയത്ത് ശാഖയിലും, മദ്രസ്സയിലും പോയി പുറമ്പോക്ക് പഠനം നടത്തിയാലിങ്ങനിരിക്കും!"
ഇതൊരു വാർത്തയാക്കി പൊലിപ്പിച്ചു കൊണ്ടുവന്നവനോ (വരോ) വരുത്തിത്തീർക്കാൻ ശ്രമിക്കുന്നപോലെ ഇത് കഥയെഴുതിയ ആൾ പറഞ്ഞൊരഭിപ്രായമോ, നോവലിൽത്തന്നെ പൊതുവായി വന്ന ഒരു പരാമർശമോ അല്ല, മറിച്ച്, മേൽപറഞ്ഞപോലെ, ഇതൊരു സാങ്കൽപ്പിക കഥാപാത്രം മറ്റൊരു കഥാപാത്രത്തോട് പറയുന്ന കാര്യമാണ്. വളരെ ആസൂത്രിതമായി ഇതോരു വിവാദമായി കുത്തിപ്പൊക്കുന്നതിലുള്ള ഗൂഢ ലക്ഷ്യവും, അതിനെ അനുകൂലിച്ചുള്ള പ്രതികരണങ്ങളിൽ നല്ലൊരു ശതമാനം ഏച്ചുകെട്ടിയവയാണെന്നുള്ളതും (സ്വന്തം മനസാക്ഷിയെത്തന്നെ വഞ്ചിക്കുന്നവ), ഇത് നടക്കുന്നത് വിവരമുള്ളവരുടെ നാടെന്നു നമ്മളഹങ്കരിക്കുന്ന കേരളത്തിലാണെന്നുള്ളതുമാണ് ഏറ്റവുമധികം നമ്മെ അലട്ടേണ്ട പ്രശനം. ഈ വിവരക്കേടിനെ അനുകൂലിച്ചു പ്രതികരിക്കുന്ന മഹാന്മാരിലും മഹതികളിലും നൂറിൽ തൊണ്ണൂറ്റൊൻപതു പേരും ഈ നോവൽ വായിച്ചിട്ടില്ല എന്നതാണ് ഏറ്റവും വലിയ തമാശ! മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ഖണ്ഡശ്ശ: പ്രസിദ്ധീകരിച്ചുകൊണ്ടിരുന്ന നോവലിനെതിരെ പ്രതികരിച്ച് മാതൃഭൂമി പത്രം കത്തിച്ചും, കക്കൂസിലിട്ടും ഫോട്ടോ എടുത്തു ഫേയ്സ്ബുക്കിലും, വാട്ട്സാപ്പിലും, ഇൻസ്റ്റാഗ്രാമിലുമൊക്കെ ഇട്ടും ഷെയർ ചെയ്തും സായൂജ്യമടയുന്ന അണ്ണന്മാരുടെയും അണ്ണികളുടെയും എണ്ണം നോക്കിയാൽ മതി ഇത് മനസ്സിലാക്കാൻ. അണ്ണികളിൽ പലരും മുണ്ടും നേര്യതുമൊക്കെയണിഞ്ഞു, മുടിയിൽ പൂചൂടി കേരളീയ ശൈലിയിൽ വേഷമിട്ട് (ഈപ്പറഞ്ഞ വേഷം എന്നുമുതലാണ് കേരളീയമായതെന്നുള്ളത് തത്കാലത്തേക്കു വിട്ടേക്കാം) സെൽഫിയെടുത്തിടുന്നതാണ് കക്കൂസ് പടങ്ങൾക്കിടയിൽ കണ്ണുകൾക്കൊരാശ്വാസം!!
ഇനി വിവരമുണ്ടായിട്ടും വിവരമില്ലായ്മ നടിക്കുന്ന ഗണത്തിൽ പെടാത്ത പാവം ഗ്രാസ്റൂട്ട് ഭക്തന്മാർക്കും ഭക്തകൾക്കും വേണ്ടി ഒന്നുദാഹരിക്കാം; നിങ്ങൾ ഒരു കഥയെഴുതുന്നു, അതിലെ ഒരു കഥാപാത്രം അത്യന്തം സ്ത്രീ വിരുദ്ധത ഓരോ വാക്കിലും പ്രകടിപ്പിക്കുന്ന ഒരാഭാസനാണ്. കഥയിലെ ആ കഥാപാത്രത്തിൻറെ വാക്കുകളെയും അഭിപ്രായങ്ങളെയും, അയാളങ്ങനെ ഒരാളാണെന്നിരിക്കെ, നിങ്ങളെങ്ങനെ എഴുതി പ്രകടിപ്പിക്കും? ആ കഥാപാത്രത്തിൻറെ അഭിപ്രായങ്ങൾ ഏതു രീതിയിൽ നിങ്ങളുടെ സ്വന്തം അഭിപ്രായമാകും? ഇത് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ വന്നുകൊണ്ടിരിക്കുന്ന മീശ എന്ന നോവലിലെ ഒരു കഥാപാത്രം മറ്റൊരു കഥാപാത്രത്തോട് സംസാരിക്കുന്ന വാക്കുകളാണ്, അതിനെ മാത്രം മനപ്പൂർവം വെട്ടിയെടുത്ത് പ്രചരിപ്പിക്കുന്നതാണ്, അല്ലാതെ ആ കഥാകൃത്ത് സ്വന്തം അഭിപ്രായം രേഖപ്പെടുത്തുന്ന ലേഖനത്തിൽ നിന്നെടുത്തതല്ല!
ഒരു കാര്യമാലോചിച്ചാൽ ഇതിലെ പൊള്ളത്തരം മനസ്സിലാകും. 'നിർമാല്യം' എന്നൊരു സിനിമ നിങ്ങളിലെത്രപേർ കണ്ടിട്ടുണ്ടെന്നെനിക്കറിഞ്ഞു കൂടാ. മലയാളത്തിൽ ഇന്നേവരെ ഇറങ്ങിയിട്ടുള്ള ഏറ്റവും നല്ല സിനിമകളിലൊന്നാണത്, ഇതുവരെക്കണ്ടിട്ടില്ലെങ്കിൽ തീർച്ചയായും കാണണം. അതിലെ പ്രധാന കഥാപാത്രമായ വെളിച്ചപ്പാടിനെ അവതരിപ്പിച്ചത് പി ജെ ആന്റണിയാണ്, എം ടി വാസുദേവൻ നായരുടെ കഥയും സിനിമയുമാണ് . ആ സിനിമയുടെ അവസാനം വെളിച്ചപ്പാട് ഉറഞ്ഞുതുള്ളി ശ്രീകോവിലിന്റെ വാതിൽ തള്ളിത്തുറന്നകത്തു കയറി ദേവിയുടെ വിഗ്രഹത്തെ ദയനീയമായി നോക്കിയിട്ടതിലോട്ടു കാറി തുപ്പും. ഈ പറഞ്ഞ ന്യായം വച്ചാണെങ്കിൽ തുപ്പിയ പി ജേ ആന്റണി-യും കഥയെഴുതിയ എം ടി-യും കുറ്റക്കാരാണല്ലോ. എടുത്തു ചാടി പ്രതികരിക്കുന്നതിനു മുന്നേ ഇതിലെ ശുദ്ധ വിഡ്ഢിത്തം ഒന്നാലോചിച്ചു നോക്കൂ. ഈ വാർത്ത ഉണ്ടാക്കിയവൻറെ ഉദ്ദേശവും അതുതന്നെയാണ്‌!
വിവരമില്ലായ്മ ചൊറി പോലെയാണ്, അതൊരു സാംക്രമിക രോഗമാണോ എന്ന് ചോദിച്ചാൽ ആണ്, പക്ഷെ അതൊരലങ്കാരമായി കാണിച്ചു കൊണ്ടുനടക്കുന്നതും, ആഘോഷമാക്കുന്നതും മാനസികരോഗത്തിൻറെ ലക്ഷണമാകാം!!!

Wednesday, July 4, 2018

ചക്രവ്യൂഹത്തിലെ ചുവപ്പുനിഴൽ!


ഇസ്ലാമിക ഭീകരവാദത്തിനെതിരെ ഇടതുപക്ഷത്തു നിന്നുപോലും ശബ്ദമുയർത്താൻ ആരും മുന്നോട്ടു വരുന്നില്ല എന്നുള്ളത് വോട്ട് ബാങ്ക്സിനോടുള്ള അവരുടെ വിധേയത്വവും ആശയപരമായ കാപട്യവുമാണ് വെളിവാക്കുന്നത്. ഇടതുപക്ഷ പാർട്ടികളുടെയും പ്രസ്ഥാനങ്ങളുടെയും ഈ ഒരു "നന്മയുടെ വ്യാജവേഷംകെട്ടൽ" നിലപാടാണ് ഹിന്ദു തീവ്രവാദം വളരാൻ ഏറ്റവും നല്ല വളമായി മാറുന്നത്.

അഭിമന്യുവി ൻറെ കൊലപാതകം അതിക്രൂരവും, അത്യന്തം അപലപനീയവുമാണെന്നിരിക്കെത്തന്നെ ഒരു കാര്യം പറയാതിരിക്കാൻ വയ്യ. അവൻറെ മരണത്തിൽ അവനെ കൊന്നവർക്കുള്ളപോലെ തന്നെ പങ്ക് അക്രമ രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കുന്ന അവൻറെ സ്വന്തം സംഘടനയായ എസ്.എഫ്.ഐ-ക്കുമുണ്ട്. സ്വന്തം കൂട്ടത്തിലൊരാൾ അതിദാരുണമായി കൊലചെയ്യപ്പെടുമ്പോൾ മാത്രം അക്രമ രാഷ്ട്രീയത്തിനെതിരെ ശബ്ദമുയർത്തിയിട്ടും, ഘോരഘോരം പ്രസംഗിച്ചിട്ടും കാര്യമില്ല, തങ്ങളുടെ തന്നെ പ്രവൃത്തികൾ അതിനെത്രത്തോളം വളം വെച്ചിട്ടുണ്ടാകുമെന്നൊരാത്മവിചിന്തനം നടത്തുന്നത് നന്നായിരിക്കും. അഭിമന്യു പഠിച്ചിരുന്ന മഹാരാജാസ് കോളേജിൻറെ ഹോസ്റ്റലിൽ നിന്ന് കഴിഞ്ഞകൊല്ലം മേയ് മാസം ആയുധശേഖരം കണ്ടെടുത്തപ്പോൾ, നിയമസഭയിൽ അതിനെതിരെ ഉയർന്ന ചോദ്യത്തിനുത്തരമായി, അവിടെ കണ്ടുപിടിച്ചത് കെട്ടിട നിർമാണത്തിനുപയോഗിക്കുന്ന കമ്പിയും വെട്ടുകത്തിയുമൊക്കെയാണെന്നാണ് മുഖ്യമന്ത്രി നിയമസഭയിൽ മൊഴിഞ്ഞത്. പൊലീസ് പിടിച്ചെടുത്ത ആയുധങ്ങൾ നിരത്തി വച്ചിരിക്കുന്നതും, മഹാരാജാസ് കോളേജിലെ ഒരു എസ.എഫ്.ഐ മാന്യദേഹം അവിടത്തെ പ്രിസിപ്പലിനെതിരെ കയർക്കുന്നതിന്റെയും, അവരെ ഭീഷണിപ്പെടുത്തുന്നതിൻറെയും ദൃശ്യങ്ങൾ ഇവിടെയുള്ള എല്ലാ ന്യൂസ് ചാനലുകളിലും വന്നു നാമെല്ലാം കണ്ടതാണ്! അടഞ്ഞു കിടന്നിരുന്ന മുറിയിൽ ഗോവണിവെച്ചു ജനാല വഴി അതിക്രമിച്ചു കയറിയാണ് "കെട്ടിട നിർമാണ സാമഗ്രികൾ" അവിടെ ശേഖരിച്ചത്. ആ തോന്ന്യാസം കാണിച്ചവന്മാരെ പിടിച്ചകത്തിടുന്നതിനു പകരം അവരെ സംരക്ഷിച്ചു സംസാരിക്കുവാനും, ഈ കുറ്റകൃത്യം പുറത്തുകൊണ്ടുവന്ന അധ്യാപകരെയും, താൻ തന്നെ കൈകാര്യം ചെയ്യുന്ന ആഭ്യന്തര വകുപ്പിൻറെ കീഴിലുള്ള പൊലീസുകാരെയും നാട്ടുകാരുടെ മുന്നിൽ വെറും കോമാളികളും, വിഡ്ഢികളുമായി (നിയമസഭയ്ക്കുള്ളിൽ) ചിത്രീകരിക്കുകയാണ് മുഖ്യൻ ചെയ്തത്! ഇതാണ് ഇടതുപക്ഷത്തിൻറെ നയം!!
ഞാൻ എൻറെ എം.എ ചെയ്തത് യൂണിവേഴ്സിറ്റി കോളേജിലാണ്; എസ എഫ് ഐ കോട്ട എന്നറിയപ്പെടുന്ന, കമ്മ്യൂണിസ്റ്റ് നേതാക്കന്മാരുടെ ചിത്രങ്ങൾ കോളേജിനകത്തു പെയിന്റ് ചെയ്ത് വച്ചിട്ടുണ്ടായിരുന്ന യൂണിവേഴ്സിറ്റി കോളേജിൽ. അവിടെ എസ.എഫ്.ഐ-ക്കെതിരെ ഇലക്ഷന് ആരെങ്കിലും നിന്നാൽ തല്ലു മേടിക്കും! എസ.എഫ്.ഐ പ്രവർത്തനത്തിനെന്ന പേരിൽ പല, പല കോഴ്സുകളിലായി ചേർന്ന്, സ്ഥിരമായി അവിടെത്തന്നെ കുറ്റിയടിച്ചിരുന്ന ഗുണ്ടകളുണ്ടായിരുന്നവിടെ (എന്താ പ്രവർത്തനം!!!). എൽ.ഡി.എഫ് ഭരിക്കുന്ന കാലത്ത് പഞ്ചപുച്ഛമടക്കി മിണ്ടാതിരുക്കുകയും, യൂ.ഡി.എഫ് ഭരണം വരുമ്പോൾ സെക്രെട്ടറിയേറ്റിനു മുന്നിൽ കയ്യാങ്കളി നടത്താനും, പൊതുമുതൽ നശിപ്പിച്ചു ഷോ കാണിക്കാനും പാർട്ടി നിയോഗിച്ചു, പോറ്റി വളർത്തിയിരുന്ന ഗുണ്ടകൾ! യൂണിവേഴ്സിറ്റി കോളേജിനകത്ത് ആയുധശേഖരം ഉണ്ടായിരുന്നു എന്നുള്ളത് അവിടെ പഠിച്ചുകൊണ്ടിരുന്ന എല്ലാവർക്കുമറിയാവുന്ന രഹസ്യമായിരുന്നു! എ.കെ. ആൻറണി സർക്കാരിൻറെ സമയത്താണ്, യൂണിവേഴ്സിറ്റി കോളേജിന് പുറകിലുള്ള രണ്ട് ഗെയ്റ്റുകൾ മാറ്റി മതിലടച്ചുകെട്ടാനും (പോലീസ് ഓടിച്ചിട്ട് പിടിക്കാൻ വരുമ്പോൾ രക്ഷപെട്ട് എ.കെ.ജി സെൻററിൽ കയറി ഒളിക്കാനുള്ള എസ്കേപ്പ് റൂട്ട് ആയിരുന്നു ആ രണ്ടു ഗെയ്റ്റും!) ഡിഗ്രി ലെവൽ കോഴ്സുകളെല്ലാം അവിടെ നിന്നും കാര്യവട്ടം ക്യാമ്പസ്സിലേക്ക് മാറ്റാനും തീരുമാനമായി. തൊട്ടു പിന്നാലെ വന്ന എൽ. ഡി. എഫ് സർക്കാർ എല്ലാം പഴയപടി തിരിച്ചു കൊണ്ടുവന്നു; മതിൽ പൊളിച്ചില്ല, ഭാഗ്യം!!

ഞാൻ പറഞ്ഞു വരുന്നത് അക്രമ രാഷ്ട്രീയം ക്യാമ്പസ്സുകൾക്കുള്ളിൽ കൊണ്ടുനടത്തുന്നതിലും, കൊണ്ടാടുന്നതിലും മറ്റേതു സംഘടനയ്ക്കുള്ളതിലുമോ അതിലേറെയോ പങ്ക് എസ്.എഫ്.ഐ-ക്കുണ്ട് എന്നാണ്. അത് മറച്ചുവച്ചിട്ടോ, അതിനെതിരെ കണ്ണടച്ചിരുട്ടാക്കാൻ ശ്രമിച്ചിട്ടോ കാര്യമില്ല… അതിനെതിരായി പ്രതികരിക്കണം. അങ്ങനെയൊരു പ്രതികരണം ഒരിടത്തുനിന്നും ഇതു വരെ കാണാൻ കഴിഞ്ഞില്ല (ഒരിക്കലും, ഒരു സംഭവത്തിന് ശേഷവും കഴിഞ്ഞിട്ടുമില്ല). ഒരാൾ കൊല്ലപ്പെടുമ്പോൾ, അയാൾ പ്രതിനിധീകരിച്ചിരുന്ന പ്രസ്ഥാനത്തിനൊന്നും നഷ്ടമാവുന്നില്ല, അവർക്കു ലാഭമാണത്, ഒരു രക്തസാക്ഷിയെക്കൂടെ കിട്ടിയ, ഉളുപ്പില്ലാത്ത, ഗൂഢ ലാഭം!  നഷ്ടം മരിച്ചയാളുടെ ഉറ്റവർക്കും ഉടയവർക്കും മാത്രം!