Monday, December 28, 2020

കോൺഗ്രസ്സിന്റെ ധർമ്മസങ്കടം!







കോൺഗ്രസ്സ് പാർട്ടിക്ക്‌ നിലനിൽപ്പ് വേണമെങ്കിൽ ആദ്യം വേണ്ടത് ഖദർ മുണ്ടിനടിയിൽ കാക്കി നിക്കറിട്ടു കറങ്ങുന്നവരെ പാർട്ടിയിൽ നിന്ന്‌ പുറത്താക്കുകയാണ്.  ഇതങ്ങു മുകളിൽ നിന്ന്‌ താഴെവരെ ചെയ്തില്ലെങ്കിൽ പാർട്ടിയ്ക്ക് കേരളത്തിലെന്നല്ല, രാജ്യത്തു തന്നെ നിലനിൽക്കാനാവില്ല.  കേന്ദ്രത്തിലും, മറ്റ് സംസ്ഥാനങ്ങളിലും (പ്രത്യേകിച്ച് കേരളത്തിലും) കോൺഗ്രസ്സിന്റെ ഇലക്ഷൻ പ്രചരണവും, തന്ത്രങ്ങളും വളരെ കാലഹരണപ്പെട്ടവയാണ്.  ഓരോ ഇലക്ഷൻ തോൽവിയ്ക്കു ശേഷവും "പാർട്ടിക്കുള്ളിൽ അഴിച്ചുപണി വേണം" എന്ന സ്ഥിരം പല്ലവി ആവർത്തിക്കുകയല്ലാതെ ഇന്നേവരെ ഒരഴിച്ചുപണിയും (കേന്ദ്രത്തിലോ സംസ്ഥാനങ്ങളിലോ) നടത്തുന്നത് കാണാൻ കഴിഞ്ഞിട്ടില്ല.  ഇലക്ഷൻ ഒരു യുദ്ധം തന്നെയാണ്.  അതു ജയിക്കാൻ എന്തിലുമുപരി ഇച്ഛാശക്തി വേണം.  ബി ജെ പി മാറി മാറി ഇലക്ഷനുകൾ ജയിക്കുന്നതിനും, കോൺഗ്രസ്സ്‌ മാറി മാറി അവ തോൽക്കുന്നതിനും ഏറ്റവും പ്രധാന കാരണം ഇത് തന്നെയാണ്; ബി ജെ പി-ക്കതുണ്ട്, ഇപ്പോഴത്തെ കോൺഗ്രസ്സിനതില്ല!  രണ്ട് പാർട്ടികളും ഇലക്ഷനെ നേരിടുന്ന രീതി നോക്കിയാൽത്തന്നെ ഇത് മനസ്സിലാകും.

കഴിഞ്ഞ ലോക് സഭ ഇലക്ഷൻ തന്നെ ഉദാഹരണമായെടുക്കാം.  രാഹുൽ ഗാന്ധി കാര്യമായി പാർലമെൻറിൽ സംസാരിച്ചു തുടങ്ങിയത് ഇലക്ഷന് മൂന്നോ നാലോ മാസം മുൻപ് മാത്രമാണ്.  ബി ജെ പി നല്ല ഭൂരിപക്ഷത്തിൽ ജയിച്ച്‌ ഭരിച്ചുകൊണ്ടിരുന്ന പാർട്ടിയാണ്.  നരേന്ദ്ര മോദിയുടെ കഴിവുകേടും,വിവരമില്ലായ്മയും, അല്പത്തരവും കൊണ്ട് നിറഞ്ഞുനിന്ന അഞ്ചു വർഷങ്ങളാണവർ ഭരിച്ചത്.  ജനങ്ങൾക്ക് കടുത്ത ദുരിതങ്ങൾ മാത്രം സമ്മാനിച്ച നോട്ടു റദ്ദാക്കലും, ജി എസ് ടി-യുടെ അശ്ലീലപ്പതിപ്പും പോലെയുള്ള  വൃത്തികെട്ട, കോമാളി ഭരണപരിഷ്കാരങ്ങൾ കൊണ്ട് ജനങ്ങളെ നട്ടം തിരിച്ച അഞ്ചു വർഷങ്ങൾ!  എന്നിട്ടീ തുഗ്ലക്ക് പരിഷ്‌കാരങ്ങൾ മാത്രമെടുത്തു കാണിക്കാനുണ്ടായിരുന്ന ബി ജെ പി-ക്കെതിരെ കോൺഗ്രസ്സിനെന്തു നേടാൻ കഴിഞ്ഞു, 2014-നേക്കാൾ ഭീമമായ, അതിനേക്കാൾ നാണംകെട്ട തോൽവിയല്ലാതെ?  ഈ തോൽ‌വിയിൽ നിന്നീ പാർട്ടി എന്ത് പഠിച്ചു?  തോറ്റയുടനേ രാഹുൽ രാജി വയ്ക്കുമെന്നു പറയുന്നു; സോണിയയും, പ്രിയങ്കയും അങ്ങേരെ പൊക്കിപ്പറയുന്നു (ചിന്താവിഷ്ടയായ ശ്യാമള എന്ന ചിത്രത്തിൽ ശ്രീനിവാസൻ അവതരിപ്പിക്കുന്ന കഥാപാത്രം സ്വന്തം മക്കളെക്കൊണ്ട് "അയ്യൊ അച്ഛാ പോകല്ലേ, അയ്യോ അച്ഛാ പോകല്ലേ" എന്ന് പറയിപ്പിക്കുന്ന രംഗമാണോർമ്മ വന്നത്!)  ഒരു കൊല്ലം കഴിഞ്ഞും പുതിയൊരു പ്രസിഡൻറിനെ തിരഞ്ഞെടുക്കുവാനോ, എന്തെങ്കിലും ഒരു വ്യത്യാസം ചിന്തകളിലോ, പ്രവൃത്തികളിലോ, വീക്ഷണത്തിലോ, കാഴ്ചപ്പാടിലോ കൊണ്ടുവരാനോ ആകാതെ വെറും നപുംസകങ്ങളായി തുടരുന്നതല്ലാതെ രാഹുൽ ഗാന്ധി മുതൽ ഇങ്ങു താഴേതട്ടിലുള്ള കോൺഗ്രസ്സ് പ്രവർത്തകൻവരെ എന്ത് ചെയ്തിട്ടുണ്ട്?  ആലോചിക്കേണ്ട സമയം എന്നേ അതിക്രമിച്ചിരിക്കുന്നു!

കേന്ദ്രത്തിലായാലും, കേരളത്തിലായാലും കോൺഗ്രസ്സ് നേരിടുന്നത് പ്രധാന എതിരാളികളുടെ ഡാറ്റ-ഡ്രിവണ്‍ ഇലക്ഷൻ ക്യാമ്പെയ്‌നുകളെയാണ്.  ഇലക്ഷനുകളിലെ കളി മാറിയതറിയാതെ, ഇപ്പോഴും പഴയ അഴകൊഴമ്പൻ ഇമോഷൻ-ഡ്രിവണ്‍ കാമ്പെയ്‌നുകളുമായി എതിരാളിയെ തോല്പിക്കാൻ പറ്റുമെന്ന് ചിന്തിക്കുന്നത് ശുദ്ധ വിവരക്കേടാണെന്നു മാത്രമല്ല, കോൺഗ്രസ്സ് തോറ്റു തുന്നം പാടിക്കൊണ്ടിരിക്കുന്നതിന്റെ പ്രധാന കാരണവും അതാണ്.  അമിത് ഷാ വിജയിക്കുന്നത് അയാൾക്കോ മോദിക്കോ ഇക്കാര്യത്തിൽ യാതൊരു വിവരവുമില്ലെന്നുള്ളത് മനസ്സിലാക്കി, ആ ജോലി ഡാറ്റ  അനാലിസിസും, സൈക്കോമെട്രിക് അനാലിസിസും അറിയാവുന്ന, വിവരമുള്ള പ്രൊഫഷണലുകളെ (കമ്പനികളെ) ഏല്പിക്കുന്നിടത്താണ്.  എവിടെ, എങ്ങനെ, ഏതു രീതിയിൽ ഇലക്ഷൻ പ്രചരണം നടത്തണമെന്നുള്ളത് വളരെ കൃത്യമായി കണ്ടുപിടിക്കാനവർക്കു കഴിയും.  ബി ജെ പി-യുടെ സൈബർ സെല്ലിനെ നോക്കി ചിരിക്കുമ്പോൾ, അവരാണ് തങ്ങളുടെ ആണിക്കല്ലിളക്കിക്കൊണ്ടിരിക്കുന്നതെന്നു കോൺഗ്രസ്സ് നേതാക്കളാരും (ചോട്ടാ/ബഡാ) മനസ്സിലാക്കുന്നില്ല!

കോൺഗ്രസ്സ് പാർട്ടി (കേന്ദ്രത്തിലായാലും, സംസ്ഥാനത്തിലായാലും) മനസ്സിലാക്കേണ്ടത് അവരിപ്പോളോടിക്കൊണ്ടിരിക്കുന്നത്, ശ്രദ്ധിച്ചില്ലെങ്കിൽ, അവരുടെ അവസാന റൌണ്ട് ആയേക്കാമെന്നുള്ള ഭീകര സത്യമാണ്.  2024 ഇലക്ഷനിൽ ഇതുവരെ കാണിച്ച അഭ്യാസങ്ങളുമായി രാഹുൽ ഗാന്ധിയെ മുന്നിൽ നിർത്തി അവരിറങ്ങുകയാണെങ്കിൽ ഏറ്റവും നാണംകെട്ട രീതിയിൽ അവർ വീണ്ടും പരാജയപ്പെടുമെന്ന് മാത്രമല്ല, അടുത്ത രണ്ടര/മൂന്ന് ദശാബ്ദങ്ങളിലേയ്ക്ക് അവർക്കാ വീണ കുഴിയിൽ നിന്നെഴുന്നൽക്കാൻ കഴിയില്ല.  ഇതതിശയോക്തിയാണെന്നാർക്കെങ്കിലും തോന്നുന്നുണ്ടെങ്കിൽ അമിത് ഷായുടെ പ്രായം ഒന്നോർക്കുന്നതു നന്നായിരിക്കും; 55!

കേരളത്തിലെ സ്ഥിതിയും ഒട്ടും വ്യത്യസ്തമല്ല.  പിണറായി വിജയനും മോദി-ഷാ-യുമായി വളരെ പ്രകടമായ സമാനതകളുണ്ട്.  കേന്ദ്ര രാഷ്ട്രീയത്തിൽ ബി ജെ പി-യ്ക്കുള്ള ഐടി സെല്ലുപോലെ ഇങ്ങു കൊച്ചു കേരളത്തിൽ സി പി എമ്മിനുമുണ്ട് ശമ്പളം പറ്റുന്ന കാര്യക്ഷമമായൊരു ഐടി ട്രോൾ സൈന്യവും, അവരുടെ പ്രചരണം നിയന്ത്രിക്കുന്നൊരു പ്രൊഫഷണൽ ടീമും.  അതിനെ രമേശ് ചെന്നിത്തല കുവൈറ്റിലേയ്ക്ക് ഇല്ലാത്ത-ഉസ്മാനെ വിളിച്ചു തോല്പിക്കാൻ ശ്രമിച്ചാൽ സ്വയം കോമാളിയാവുകയേ ഉള്ളു.  എതിരാളിയുടെ അഴിമതികളെയും, കഴിവുകേടുകളെയും (അതിഷ്ടം പോലെയുണ്ട്) തുറന്നു കാട്ടാനും, അതു ജനങ്ങൾക്ക് മുന്നിലെത്തിക്കാനും സാധിക്കണം.  സ്വയം അതിനു കഴിഞ്ഞില്ലെങ്കിൽ, കഴിവുള്ളവരെ ഏൽപ്പിക്കണം; അല്ലാതെ സ്വയം കോമാളിയാകുന്ന പരിപാടികൾ കാണിക്കുകയില്ല വേണ്ടത്.  സ്വന്തം പാർട്ടിയുടെ തലപ്പത്തു തന്നെ അതിനുള്ള ഏറ്റവും വലിയ ഉദാഹരണമുണ്ട്. 2014-ലെ ഇലക്ഷന് തൊട്ടു മുൻപ് രാഹുൽ ഗാന്ധി അന്ന് ടൈംസ് നൗ-ലുണ്ടായിരുന്ന ആർനബ് ഗോസ്വാമിയ്ക്ക്‌ യാതൊരാവശ്യവുമില്ലാതെ കൊടുത്ത ഒരു ഇന്റർവ്യൂ ആണ് പുള്ളിയ്ക്കു പപ്പു എന്ന ഓമനപ്പേര് നേടിക്കൊടുത്തത്.  വേലിയിൽ കിടന്ന പാമ്പിനെയെടുത്തു പറയാൻ കൊള്ളാത്തിടത്ത്  വച്ചപോലെയുള്ള ആ അഭ്യാസത്തിനു ശേഷം രാഹുലിനെ ഒരു വെറും കോമാളിയായാണ് രാജ്യത്തൊരുപാടുപേർ കാണുന്നത്, ഇന്നും!  അതേ മണ്ടത്തരം സംസ്ഥാനത്തെ കോൺഗ്രസ്സ് നേതാക്കൾ കാണിച്ചാൽ, അതേ അനുഭവം തന്നെ അവർക്കുമുണ്ടാകും.  ചെന്നിത്തലയെ പ്രതിപക്ഷ നേതാവെന്നതിനേക്കാളുപരി ഒരു കോമാളിയായി നാട്ടുകാരിൽ പലരും കണ്ടുതുടങ്ങിയിട്ടുണ്ടെങ്കിൽ അതിനുത്തരവാദി ചെന്നിത്തല മാത്രമാണ്.  കേന്ദ്രത്തിലായാലും, കേരളത്തിലായാലും ഇച്ഛാശക്തിയുള്ളതും, വിവേകമുള്ളതും, സർവ്വോപരി നൂതനമായി ചിന്തിക്കുവാനും, നൂതന ആശയങ്ങൾ ചർച്ച ചെയ്യുവാനും, അവ പ്രാവർത്തികമാക്കുവാനും കഴിവും ദീർഘവീക്ഷണവുമുള്ള നേതൃത്വത്തിന് മാത്രമേ കോൺഗ്രസ്സിനെ ഇപ്പോൾ വീണുകിടക്കുന്ന വാരിക്കുഴിയിൽനിന്ന് വലിച്ചു കയറ്റാൻ പറ്റൂ.  രാഹുലോ, രമേശോ അതിന് പ്രാപ്തരാണെന്നെനിക്ക് തോന്നുന്നില്ല!