ശനിയഴ്ച്ചയല്ലേ, രാത്രി പനിയോ മറ്റോ പിടിച്ചാലോ എന്നു കരുതി എല്ലാം ശരിയാക്കാൻ വേണ്ടി കാലത്തുതന്നെ യുണിവേഴ്സിറ്റി സ്റ്റേഡിയത്തിലെത്തി വൈകുന്നേരം വരെ കായികമായി ഒരുപാടധ്വാനിച്ചു തളർന്നപ്പോഴാ, കായികമന്ത്രികൂടെയായ ജയരജാൻ സഖാവ്, ഇന്നത്തേക്കിത്രേം മതി ബാക്കി അധ്വാനം വീട്ടിലാകാമെന്നു തീരുമാനിച്ചത്. സഖാവ് കാറിൻറെ പിൻസീറ്റിലേക്ക് കയറി, വണ്ടി പതുക്കെ മുന്നോട്ടു നീങ്ങി ഒന്ന് ക്ലച്ച് പിടിച്ചു തുടങ്ങിയപ്പോളാ മുൻസീറ്റിലിരുന്ന അടിമസഖാവ് ഞെട്ടിക്കുന്ന ആ വാർത്ത സഖാവിനെ അറിയിച്ചത്,
"സഖാവേ നമ്മുടെ മുഹമ്മദ് അലി മരിച്ചുപോയി".
ഒരു നിമിഷം തികട്ടിവന്ന ഞെട്ടൽ കഷ്ടപെട്ടുള്ളിലൊതുക്കികൊണ്ട് സഖാവ് ചോദിച്ചു, "യാത് മുഹമ്മദ് അലി?"
അടിമസഖാവ്: "സഖാവിനു മനസ്സിലായില്ലേ? ഹോ, എന്നാ ഒരിതാരുന്നു പഹയൻറെ...ഒത്ത പൊക്കോം വണ്ണോം..ഇടിയെന്നുപറഞ്ഞാ പിന്നെ അതൊരൊന്നൊന്നര ഇടിയാ...കഷ്ടമായിപ്പോയി അമേരിക്കേ വെച്ചാ മരിച്ചേ .. ഒളിമ്പിക്സിൽ സ്വർണ്ണ മെഡലോടെയല്ലാരുന്നോ തുടക്കം...അനീതിക്കെതിരെയൊക്കെ ഒരുപാട് ശബ്ദമുയർത്തിയ ആളല്ലാരുന്നോ... പണ്ട് കോളേജിൽ പഠിക്കുന്ന സമയത്ത് കോഴിക്കോട്ടുവച്ച് ഞനൊരുവട്ടം കണ്ടിട്ടുണ്ട്, സഖാവ് കേട്ടിട്ടില്ലിയോ?"
ഇതാരെടാപ്പാ, സഖാവൊരു നിമിഷം തലയുപയോഗിച്ചധ്വാനിച്ചു നോക്കി. വർഷങ്ങളോളം തുറക്കാതെ കിടന്ന ഒരു വാതിൽ തള്ളിതുറക്കുമ്പോഴുണ്ടാകുന്ന പോലെയുള്ള ഒരാർത്തനാദം തലയുടെ ഒരുവശത്തുനിന്നു മറ്റേ വശത്തേക്കൊരു പോക്കുപോയി. സഖാവ് തലയിൽ കൈ വച്ചധ്വാനമാവസാനിപ്പിച്ചു. ആരാണെങ്കിലെന്താ മരിച്ചില്ലേ, ഇനി അതാലോചിച്ചു നമ്മള് തല പുണ്യാഹമാക്കുന്നതെന്തിനാ...ഒരു കര്യമുറപ്പിക്കാം, കോയിക്കോട്ട്കാരനാരുന്നു, നല്ല പൊക്കോം വണ്ണോമുണ്ടാരുന്നു, ഒളിമ്പിക്സിൽ സ്വർണ്ണ മെഡലും കിട്ടീട്ടുണ്ട്. പിന്നെ അനീതിക്കെതിരായി ശബ്ദമുയർത്തിയ ആളെന്നൊക്കെപ്പറഞ്ഞാൽ നമ്മടാള് തന്നാരിക്കും, സഖാവ് തീർച്ചപ്പെടുത്തി. എന്നാലും കഷ്ടമായിപ്പോയി, പാവം മുഹമ്മദ് അലി സഖാവിനു കേരള രാഷ്ട്രീയത്തിൽ നിരന്തരം ഇടപെട്ടുകൊണ്ടിരിക്കുന്ന അമേരിക്കയുടെ മണ്ണിൽ വച്ച് തന്നെ ജീവൻ വെടിയേണ്ടിവന്നല്ലോ ...ജയരാജൻ സഖാവ് നെടുവീർപ്പിട്ടു. ഇതെന്തു ന്യായം, ഇതെന്തു നീതി ... കേരളത്തിൻറെ യശസ്സ് ലോകത്തിൻറെ മുന്നിൽ വാനോളമുയർത്തിയ ആ മഹാന് ആ നാട്ടിൽ വച്ച് മരണം, ആ നാറികളുടെ നാട്ടിൽ വച്ച്, ഇലക്ഷൻ സമയത്ത് പുന്നയ്ക്കാമൂടു പഞ്ചായത്തിലെ ചന്തകവലയിൽ സിപിഎമ്മിനെതിരെ പോസ്റ്ററൊട്ടിപ്പിച്ച ഒബാമയുടെ നാട്ടിൽ വച്ച്...കഷ്ടമായിപ്പോയി...ഒരനുസ്മരണമോ മറ്റോ കൂടണം. പുള്ളീടെ പിള്ളാരും ഭാര്യയുമൊക്കെ ....ഇതെവിടുന്നിട്ടു തപ്പിയെടുക്കും, സഖാവ് പിന്നേം ചിന്തിച്ചു, വീണ്ടും തലയ്ക്കുള്ളിൽ ആർത്തനാദം...ഹോ, വേണ്ട ... അടിമസഖാവിനോട് തന്നെ ചോദിച്ചറിയാം , തനിക്കു വെവരമില്ലെന്നവനും കരുതേണ്ട
സഖാവ് : "പിന്നേയ്, ഈ മരിച്ച അലിക്ക് മക്കളൊന്നുമില്ലെ സഖാവേ?"
അടിമസഖാവ്: "ഒരു മോള്, ലൈല ...." പറഞ്ഞു തീരുന്നതിനു മുന്നേ ഫോൺ ബെല്ലടിച്ചു.
അടിമസഖാവ് നോക്കിയിട്ട് പറഞ്ഞു, "മനോരമ ന്യൂസീന്നാ".
സഖാവിനാവേശമായി, "ഇങ്ങു താ"
സഖാവ് ഫോൺ ചെവിയിൽ വെച്ചു, അങ്ങേ തലയ്ക്കൽ അവതാരകയുടെ കിളിനാദം...ചെറുതായോന്നാഞ്ചിയ രോമങ്ങളെല്ലാം താത്തു പിടിച്ചുകൊണ്ടു സഖാവ് കാതോർത്തു,
അവതാരക: "ശ്രീ ഈ പീ ജയരാജാൻ, മുഹമ്മദലി എന്ന ഇതിഹാസം വിടവാങ്ങിയിരിക്കുന്നു. ആ ഇതിഹാസത്തെക്കുറിച്ചുള്ള ഓർമ താങ്കൾക്ക് എങ്ങനെയാണ് ഒന്ന് പങ്ക് വയ്ക്കാൻ കഴിയുക?"
സഖാവ് രണ്ടും കല്പിച്ചു കീറി: "മുഹമ്മദാലി അമേരിക്കയി്ൽ വച്ച് മരിച്ചു എന്നുള്ള വാർത്ത ഇപ്പോഴാണ് ഞാനറിയുന്നത്. കേരളത്തിലെ കായിക രംഗത്ത് ഒരു പ്രഗത്ഭനായിരുന്ന വ്യക്തിത്വമായിരുന്നു അദ്ദേഹം. ഗോൾഡു മെഡൽ നേടി നമ്മുടെ കേരളത്തിൻറെ പ്രശസ്തി വാനോളമുയർത്താൻ, ലോകരാഷ്ട്രങ്ങളിലെക്കുയർത്തിക്കൊണ്ടു വരാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. അദ്ദേഹത്തിൻറെ നിര്യാണത്തിൽ കേരളത്തിൻറെ ദുഃഖം, കായികലോകത്തിൻറെ ദുഃഖം ഞാനറിയിക്കുകയാണ്..."
അവതാരകയുടെ കിളിനാദം: "വളരെ നന്ദി ശ്രീ..." ലൈൻ കട്ടായി.
"ഛെ...ലൈലമോൾക്കൊരു ജോലീടെ കാര്യംകൂടെ പറയാമാരുന്നു, അവളതിനെടയ്ക്കു കേറി കട്ടാക്കികളഞ്ഞു" സഖാവ് ഒരാത്മഗതം പറഞ്ഞു.
ഫോണിൽ നിന്ന് കണ്ണുപോക്കി ജയരാജൻ സഖാവ് നേരെ നോക്കിയപ്പോൾ അടിമസഖാവ് ദാ വായുംപോളിച്ചന്തം വിട്ടു തന്നെത്തന്നെ നോക്കിയിരിക്കുന്നു. സഖാവിനു ചെറുതായി നാണം വന്നു, ഇതെന്നാ നോട്ടമാ ഇവനീ നോക്കുന്നേ ...
"വായടയ്ക്കെടാ...നീ എന്നെ ഇതാദ്യമായിട്ടു കാണുവാന്നോ..." അടിമസഖാവിനെ നോക്കി തെല്ലൊരു നാണത്തോടെ ഇങ്ങനെ മോഴിഞ്ഞുകൊണ്ട് ജയരാജൻ സഖാവ് സീറ്റിലേക്ക് ചാരിക്കിടന്നു.