മോഹൻലാൽ, താങ്കൾ പറഞ്ഞു പറഞ്ഞ് ഇതെവിടെകൊണ്ടെത്തിക്കാനാണെന്ന് മനസ്സിലാകുന്നില്ലെന്ന് മാത്രമല്ല, സത്യം പറഞ്ഞാൽ സാമാന്യ ബുദ്ധിയുപയോഗിച്ച് ചിന്തിച്ചിട്ടൊരു പിടിയും കിട്ടുന്നില്ല!. ഈ പറയുന്ന സംവാദങ്ങളും, ചർച്ചകളും, പ്രസംഗങ്ങളും, മുദ്രാവാക്യംവിളികളും എല്ലാം ചേർന്നതിനെയാണല്ലോ അഭിപ്രായ സ്വാതന്ത്യം, ആവിഷ്കാര സ്വാതന്ത്യം എന്ന് പറയുന്നത്?, അതാണ് ഇന്ത്യ എന്ന മഹാരാജ്യത്തിൻറെ ജീവൻ, അതിനു തടയിടാൻ നോക്കുമ്പോഴാണ് ഇന്ത്യ മരിക്കുന്നത്! രാജ്യത്തെ ജനങ്ങൾ ചർച്ചകളും, സംവാദങ്ങളും, പ്രധിഷേധങ്ങളും, പ്രസംഗങ്ങളും നടത്തുന്നത് എങ്ങനെയാണ് ഹേ രാജ്യദ്രോഹമാകുന്നത്??!! ഈ സംവാദങ്ങളും, ചർച്ചകളും, പ്രസംഗങ്ങളും, പ്രധിഷേധങ്ങളുമൊക്കെകൊണ്ട് നേടിയെടുത്തതാണ് ഈ രാജ്യത്തിൻറെ സ്വാതന്ത്ര്യം.
അതിർത്തിയിൽ സ്വന്തം ജീവൻ പണയപ്പെടുത്തി രാജ്യത്തെ കാക്കുന്ന പട്ടാളക്കാരെ ആരധിക്ഷേപിചെന്നാണ് താങ്കളീ പറഞ്ഞുവരുന്നത്? സ്വന്തം വെബ്സൈറ്റിന് സ്വയം 'ദി കമ്പ്ലീറ്റ് ആക്ടർ' എന്ന് പേരിടാനും, സ്വന്തം നാട്ടിൽ നടന്ന ഏറ്റവും വലിയ പരിപാടികളിലോന്നായ നാഷണൽ ഗെയിംസ് ഉദ്ഘാടന ദിവസം തന്നെ കൊളമാക്കാൻ നാട്ടുകാരുടെ ചിലവിൽ 'ലാലിസം' എന്ന കോമാളിത്തരം അതേ നാട്ടുകാരുടെ മുകളിലേക്ക് ഛർദ്ദിക്കാനും രണ്ടുവട്ടം ആലോചിക്കേണ്ടി വരാത്ത ആളാണീ ഗീർവാണം മുഴക്കുന്നതെന്നോർത്തപ്പോൾ ഒരു മലയാളി എന്ന നിലയിൽ എനിക്കും വരുന്നുണ്ട്, ലാൽ, ലജ്ജിച്ചു തല താഴ്ത്തിയലൊ എന്നൊരു ശങ്ക! ഒന്ന് ചോദിച്ചോട്ടെ, താങ്കൾ ഈ പറഞ്ഞ ന്യായം വച്ചാണെങ്കിൽ, ഇടയ്ക്കിടയ്ക്കെന്നും പറഞ്ഞുകൂടാ, ഒന്നോ രണ്ടോ വർഷങ്ങളിലോരിക്കൽ വന്നുപോകുന്ന ചുരുക്കം നല്ല സിനിമകലൊഴിച്ച് താങ്കൾ മീശപിരിച്ചും മറ്റു കോമാളിത്തരങ്ങൾ കാണിച്ചും ഒന്നിനു പിറകെ മറ്റൊന്നെന്ന രീതിയിൽ പടച്ചു വിടാറുള്ള ചവറു സിനിമകൾ നാട്ടുകാർക്ക് സഹിക്കേണ്ടി വരുമ്പോഴും, ഒരുളുപ്പുമില്ലാതെ നേരത്തെ പറഞ്ഞ ലാലിസം എന്ന കോമഡി ഷോ നാട്ടുകാരുടെ ചിലവിൽ, അവരെ നാണംകെടുത്തി, അവരുടെ മുൻപിൽ തന്നെ അവതരിപ്പിച്ചപ്പോളും സിഅചെനിലും, ലദ്ദാഖിലും, ഇന്ത്യയുടെ എല്ലാ അതിർത്തികളിലും പട്ടാളക്കാർ കാവൽ നിൽപുണ്ടായിരുന്നു. അന്നും ശത്രുവിൻറെ വെടിയേറ്റും, മറ്റു സാഹചര്യങ്ങളോടു പോരാടിയും നമ്മുടെ പല ധീരന്മാരായ പട്ടാളക്കാരും മരണത്തോട് കീഴടങ്ങിയിട്ടുണ്ട്. അന്നു താങ്കൾ ഇത് രാജ്യദ്രോഹമോ മറ്റോ ആയിപോകുമോ എന്നൊന്നും ചിന്തിച്ചില്ലേ??!! അതും പോട്ടെ ലാൻസ് നായിക് സുധീഷും, ലാൻസ് നായിക് ഹനുമന്തപ്പയും മരിച്ച വാർത്ത കേട്ട് താങ്കൾ താങ്കളുടെ ജോലി നിറുത്തിവെച്ചോ? ദേശസ്നേഹംകൊണ്ട് വീർപ്പുമുട്ടിയിരിക്കുന്ന, ഒരു ലെഫ്റെനൻറ് കേണൽ കൂടിയായ, താങ്കൾ ഈ ധീര ജവാന്മാരുടെ ശവസംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാൻ പോയിരുന്നോ? ഇതൊന്നും ചെയ്യാതെ രാത്രി മുഴുവൻ ഏസിയുടെ തണുപ്പിൽ കമ്പിളിപുതപ്പിനുള്ളിൽ പത്തുമണിവരെ കിടന്നുറങ്ങി, ഗീസറിലെ ചൂടുവെള്ളത്തിൽ പല്ലുംതെച്ചു, കുളിച്ചുവന്നിരുന്നു വിലകൂടിയ പൊടികൊണ്ടുണ്ടാക്കിയ കാപ്പി മോന്തിക്കൊണ്ട് ബുധനാഴ്ച രാവിലെ പത്രം വായിച്ചപ്പോളാണ് താങ്കളീ ചിത്രം കണ്ടതും, താങ്കളുടെ ഉള്ളിൽ ഉറങ്ങിക്കിടന്നിരുന്ന ദേശസ്നേഹി പെട്ടെന്നെണീറ്റതും കലങ്ങിക്കിടക്കുന്ന വെള്ളം ഒന്നിളക്കി കുറച്ചു മീൻ പിടിച്ചാലോ എന്നാലൊചിച്ചതും!
താങ്കൾ പറഞ്ഞുവന്നതിൽ അടിസ്ഥാനപരമായി ഉള്ളകുഴപ്പങ്ങൾ കുറച്ചുണ്ട്, ഞാൻ വിശദീകരിക്കാം. ഇന്ത്യാ മഹാരാജ്യത്തെ ജനങ്ങൾ സ്വന്തം രാജ്യം കാക്കുന്ന പട്ടാളക്കാരെ ബഹുമാനിക്കുന്നില്ല എന്ന് താങ്കൾ പറയുന്നത് ഒന്നുകിൽ താങ്കൾക്ക് വിവരമില്ലാഞ്ഞിട്ടയിരിക്കാം, അല്ലെങ്കിൽ വിവരമില്ലായ്മ നടിക്കുന്നതുകൊണ്ടായിരിക്കാം (നന്നായി അറിയാവുന്ന ഒരേ ഒരു ജോലി അഭിനയമായതുകൊണ്ട് രണ്ടാമത് പറഞ്ഞതായിരിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു!). തിരക്കിനിടയിൽ സമയം കിട്ടാഞ്ഞിട്ടോ, അതോ തണുപ്പതെഴുന്നെൽക്കാൻ താമസിച്ചതുകൊണ്ടോ എന്തോ, താങ്കൾ പോയില്ലെന്നെ ഉള്ളു, ലാൻസ് നായിക് ഹനുമന്തപ്പയുടെയും, ലാൻസ് നായിക് സുധീഷിൻറെയും സംസ്കാര ചടങ്ങുകൾ നടന്നത് സമ്പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ, പതിനായിരക്കണക്കിനു ജനങ്ങളുടെ (തണുപ്പത്ത് പുതയ്ക്കാൻ കമ്പിളിയും, പല്ല് തേയ്ക്കാനും കുളിക്കാനും ഗീസറിൽനിന്ന് വരുന്ന ചൂടുവെള്ളം ഇന്നേവരെ ഉപയോഗിച്ചിട്ടില്ലാത്തവരുമായ ഇന്ത്യമാഹരാജ്യത്തിലെ സാധാരണക്കാരിൽ സാധാരണക്കാരായവരുടെ, പാവം പൊതുജനത്തിൻറെ) സാന്നിധ്യത്തിലായിരുന്നു. പിന്നെ മറ്റൊന്ന്, തുടക്കത്തിൽ പറഞ്ഞപോലെ ഇവിടെ, സർവകലാശാലകളിലും, പൊതുവേദികളിലും, സ്വകാര്യ സദസ്സുകളിലും, ടി വി യിലും, പത്രങ്ങളിലും, മറ്റു മാധ്യമങ്ങളിലും, എന്തിനു ചായക്കടകളിലും, ബാർബർ ഷോപ്പുകളിലും വരെ നടക്കുന്ന സംവാദങ്ങളും, ചർച്ചകളും, തർക്കങ്ങളും, പ്രസംഗങ്ങളും, അഭിപ്രായപ്രകടനങ്ങളും എല്ലാമാണ് ഈ രാജ്യത്തിൻറെ ജീവൻ. തണുപ്പത്ത് പുതയ്ക്കതെയും, ചൂടുവെള്ളത്തിൽ കുളിക്കാതെയും,ഏസി മുറികളിൽ കിടന്നുറങ്ങാതെയും ഒരുപാടൊരുപാടുപേർ കഷ്ടപ്പെട്ട്, പോരുതി നേടിയതാണ് ഈ ജീവൻ, ഈ സ്വാതന്ത്ര്യം. ഈ ജീവൻ, ഈ സ്വാതന്ത്ര്യം കാക്കാൻ വേണ്ടിയാണു ജവാന്മാർ അതിർത്തി കാക്കുന്നത്, അല്ലാതെ അതിനു വിലങ്ങിടാനല്ല. ഈ ജീവനെയാണ്, ഈ സ്വാതന്ത്ര്യത്തെയാണ് ജനാധിപത്യം എന്ന് വിളിക്കുന്നത്. അങ്ങനെയൊരു ജനാധിപത്യത്തിനു വേണ്ടിയാണ് നമ്മുടെ പൂർവികർ പലതും ത്യജിച്ചതും സമരം ചെയ്തതും.
ഒരു കാര്യം കൂടി പറഞ്ഞുകൊള്ളട്ടെ, ഒരു ജനാധിപത്യ രാഷ്ട്രത്തിൻറെ പട്ടാളം അതിൻറെ പവിത്രതയും അന്തസ്സും നിലനിർത്തുന്നത് ആ രാഷ്ട്രത്തിൻറെയും, രാഷ്ട്രതാത്പര്യങ്ങളുടെയും നിഷ്പക്ഷ കാവൽക്കാരാകുമ്പോളാണ്, അല്ലാതെ അവിടത്തെ രാഷ്ട്രീയത്തിൽ കക്ഷിചേർന്ന് നേരിട്ടിടപെടുമ്പോളല്ല… അതിനായി സ്വന്തം ജീവൻ പോലും തൃണവത്ഗണിച്ച് രാജ്യതാത്പര്യത്തിനുവേണ്ടി പോരാടാൻ തയ്യാറുള്ള പട്ടാളക്കരിലൂടെയാണ്, അല്ലാതെ പട്ടാളത്തിൽ നിന്ന് ലഭിച്ച യോഗ്യതകളും സമ്മാനങ്ങളും സ്വന്തം സ്വാർത്ഥ താൽപര്യങ്ങൾ മുന്നോട്ടു നീക്കാനുള്ള ഒരായുധമൊ, ഉപകരണമോ ആക്കിമാറ്റി രാഷ്ട്രീയമായി പക്ഷം ചേരുന്നവരുടെ മുതലകണ്ണുനീരിൽ കൂടിയല്ല. പട്ടാളക്കാരും വിമർശനങ്ങൾക്കതീതരല്ല, അങ്ങനെ ഒരിക്കലും ആകാനും പാടില്ല; എന്നിട്ടുപോലും അശ്രദ്ധയും കൈപ്പിഴയും മൂലം സ്വന്തം ജീവനും, കൂടെയുള്ള മറ്റുള്ളവരെയും അപകടത്തിൽപെടുത്തിയ ഒരു പട്ടാളക്കരനെപ്പോലും പൂർണ ബഹുമതികളോടും എല്ലാ ആദരവോടുംകൂടിയാണ് നമ്മൾ ഇന്ത്യക്കാർ അവസാനമായി യാത്രയാക്കിയത്.
താങ്കൾ ഇത്രയും നീട്ടിപ്പറഞ്ഞതിൻറെ ഉദ്ദേശം ഇപ്പോളും മനസ്സിലാകുന്നില്ല. ഒരു പാവം പട്ടാളക്കാരൻറെ മരണവും ജെ എൻ യു -വിലെ സംഭവങ്ങളുമായി കൂട്ടികുഴച്ചൊരവിയലുണ്ടാക്കാനായിരുന്നു ഈ സാഹസമെങ്കിൽ ലാലിസം പോലെ ഇതും ഒരു വെറും പാഴ്വേലയായിപ്പോയി എന്ന് പറയാതെ വയ്യ ... ഇതും ഒത്തില്ല മോനെ ദിനേശാ!!