Friday, September 26, 2014

മംഗളയാനവും കുറെ പ്രതികരണങ്ങളും!

മംഗൾയാൻ ചോവ്വയിലെത്തിയതറിഞ്ഞ് ആത്മീയലോകത്തുനിന്നുമുണ്ടായ ചില പ്രതികരണങ്ങൾ ശ്രദ്ധേയമായി.  ചൊവ്വയിൽ വീഡിയോ ദൃശ്യങ്ങൾ പകർത്തുന്നതൊക്കെ കൊള്ളാം എന്നാൽ ഒളിക്യാമറകളെയും മോർഫിങ്ങിനെയും ഭയക്കണമെന്നും അവയ്ക്കെതിരെ സദാ ജാഗരൂകരായിരിക്കണമെന്നും, ഇല്ലെങ്കിൽ ചിലപ്പോൾ പണി പാളുമെന്നും ISRO എൻജിനീയർമാരുടെ ശ്രദ്ധയ്ക്കായി സ്വാമി. നിത്യഭോഗാനന്ദ-ജി അഭിപ്രായപെട്ടു.  എന്നാൽ വിദേശ പര്യടനത്തിനിടയ്ക്ക് മോണ്ടെ കാർലോയിൽ വളരെ തിരക്കിട്ട് ആതുരസേവനം നടത്തിക്കൊണ്ടിരുന്ന അനസൂയയും, അനഹംകൃതിയുടെ ജീവിച്ചിരിക്കുന്ന ആൾരൂപവുമായ ലേഡി കുഞ്ഞന്നാമ്മ-അമ്മച്ചി കഷ്ടഭാവത്തിലിരുന്നു ഭക്തർക്ക് ദർശനം കൊടുക്കുന്നതിനിടയിൽ സ്കൈപ്പിലൂടെ ഇങ്ങനെ പ്രതികരിച്ചു, “Once you set foot in Chovva you should be aware that GALES can sweep from the west without warning, so TREAD WELL, but tread carefully and very cautiously” (ചൊവ്വയിൽ കാലൂന്നിക്കഴിഞ്ഞാൽ പടിഞ്ഞാറ്റു നിന്ന് ഫയങ്കരമായ കാറ്റ് ഒരു മുന്നറിയിപ്പുമില്ലാതെ വീശി അടിക്കാൻ സാധ്യതയുണ്ടെന്നും അതുകൊണ്ട് നല്ലവണ്ണം ചുവടുവെക്കണം പച്ചേങ്കില് സൂക്ഷിച്ചു, വളരെ സൂക്ഷിച്ചു ചുവടുവെക്കണം).  വിദേശത്തായതുകൊണ്ടാണ് താനറിയാതെ ആംഗലേയത്തിൽ മൊഴിഞ്ഞുപോയതെന്നും അതിനു ക്ഷമ ചോദിക്കുന്നുവെന്നും പറഞ്ഞശേഷം അമ്മച്ചി മലയാളത്തിൽ ഇപ്രകാരം പറഞ്ഞു, “ചോവ്വയിലാണെങ്കിലും ഗായത്രി മന്ത്രം വളരെ ശ്രദ്ധിച്ചുവേണം ചൊല്ലാൻ.  ഇതിപ്പോ സായിപ്പന്മാരും മദാമ്മമാരുമില്ലാ തെ നമ്മൾ തന്നെ അങ്ങോട്ട് വണ്ടി ഓട്ടിച്ചുവിട്ടത് വളരെ നന്നായി.  അല്ലാരുന്നേൽ ചിലപ്പോൾ അവരാരേലും പത്തുപതിനഞ്ചു കൊല്ലം കഴിഞ്ഞു വല്ല മഞ്ഞയോ നീലയോ പുസ്തകമോ മറ്റോ എറക്കിവിടുവാണേൽ വെറുതെ നമുക്കൊരേനക്കേടാവും”.

ഈ ദൌത്യത്തിലും അതിൻറെ മഹത്തരമായ വിജയത്തിലും ആത്മീയതയ്ക്കുള്ള പങ്ക് കുറച്ചുകാണിക്കാൻ പാടില്ലെന്നും നാനാമതസ്ഥരായ ആതമീയാചാര്യന്മാരുടെയും, ആചാര്യകളുടെയും അനുഗ്രഹാശിസ്സുകളും, ആശ്ലേഷങ്ങളുമില്ലാതെ ചൊവ്വപോയിട്ട് തിങ്കൾ വരെപോലും ഒരു പേടകവും എത്തില്ലായിരുന്നുവെന്നും ഡബ്ലിയു.സി.എസ്.ഡി.എസ്.ജി (WCSDSG, World Centre for Spirituality, Dogma, Superstition and God)-യിലേയും ഡബ്ലിയു.സി.എ.പി-, WCAP (World Council for Astrology and Pseudosciences)-യിലേയും തലമൂത്ത അംഗങ്ങളിൽ പലരും പ്രതികരിച്ചു.  ഈയുള്ളവയിൽ ഭാരമേറിയ ചില പ്രതികരണങ്ങൾ ചുവടെ ചെർക്കുന്നു.

തിങ്കളിൽ പോകാതെ ചൊവ്വയിലേക്ക് നേരിട്ട് പോയതിൻറെ യുക്തിയെപറ്റി  വാസ്തുശാസ്ത്ര വിദഗ്ധൻ ശ്രീ കോണിപടിയിൽ കഷ്ടൻ നമ്പൂരി തൻറെ ആശങ്ക പ്രകടമാക്കിബഹിരാകാശ പേടകങ്ങൾ താനോരുപാട് കണ്ടിട്ടുണ്ടെന്നും, പ്രത്യേകിച്ച് നാസയുടെ സ്പേസ് ഷട്ടിലുകൾക്കെല്ലാം വാതിലിൻറെ അളവ് പറഞ്ഞുകൊടുത്തിട്ടുള്ളത് താനും, തൻറെ കുടുംബത്തിലുള്ള മറ്റു നമ്പൂരിമാരുമാണെന്ന് അദ്ദേഹം ഓർമപെടുത്തിതിങ്കൾകോപം വരാതിരിക്കാനായും, ചുമ്മാ ലോകനന്മയ്ക്കാ യും തൻറെ കുടുംബക്ഷേത്രത്തിൽ പ്രത്യേക പൂജ നടത്തുമെന്നും ശ്രീ കഷ്ടൻ നമ്പൂരി പറഞ്ഞു.

മനുഷ്യർക്ക് വളരെ മുന്നേതന്നെ  ജിന്നുകൾ ചൊവ്വയിൽ എത്തിയെന്നും ധാരാളം ജിന്നുകൾ ഇപ്പോളും അവിടെ പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാതെ ബോറടിച്ച്, തേരാപ്പാരാ അലഞ്ഞുതിരിഞ്ഞു നടപ്പുണ്ടെന്നും, മായാവികളായ അവറ്റയെ സൂക്ഷിക്കണമെന്നും മഹാ മതപണ്ഡിതനായ ഡോക്ട ർ. പകീർ മേനിക് പറഞ്ഞു.  അവയുമായി നേരിട്ടോരേറ്റുമുട്ടലുണ്ടാകാതെ നോക്കുന്നതാവും മനുഷ്യരാശിയ്ക്ക് നല്ലതെ ന്ന് പണ്ടുപണ്ടേ തങ്ങളുടെ പുണ്യഗ്രന്ഥത്തിൽ പറഞ്ഞിട്ടുണ്ടെന്നദ്ദേഹം മുന്നറിയിപ്പ് നൽകി.  മാത്രമല്ല, മനുഷ്യൻ ഇന്ന കൊല്ലം, ഇന്ന മാസം ചൊവ്വയിലേക്ക് പെടകമയയ്ക്കുമെന്നുവരെ അതിൽ പ്രതിപാദിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.  "രണ്ടായിരാമാണ്ട് കഴിഞ്ഞു പതിനാല് സംവൽസരങ്ങൾ പിന്നിട്ടു, പതിനഞ്ചു  സംവൽസരങ്ങൾ പിന്നിടുന്നതിനു വെറും നാലോ അഞ്ചോ മാസങ്ങ ൾക്ക് മുന്നേ മുട്ടയുടെ രൂപത്തിലുള്ള ഭൂമിയിൽനിന്നു ഉരുളക്കിഴങ്ങിൻറെ രൂപത്തിലുള്ള ഒരു സ്ഥലത്തേക്ക് തെങ്ങാക്കൊലയുടെ  രൂപത്തിലുള്ള ഒരു വണ്ടി മനുഷ്യൻ പറപ്പിച്ചു കളിക്കും," ഗ്രന്ഥത്തിലെ വരികളുദ്ധരിച്ച്  അദ്ദേഹം പറഞ്ഞു!മനുഷ്യനിതൊന്നും കൊണ്ടഹങ്കരിക്കാൻ പാടില്ലെന്നും, ചൊവ്വ ആഴ്ചയിലെ വെറും രണ്ടാമത്തെ ദിവസം മാത്രമാണെന്നും, ബാക്കി അഞ്ചു ദിവസങ്ങൾ പിന്നെയും നമ്മെത്തന്നെ നോക്കി പല്ലിളിച്ചു നിൽക്കുകയാണെന്നത് ഒരുനാളും മറക്കരുതെന്നും, എന്നും സ്മരണ വേണമെന്നും അദ്ദേഹം താക്കീതു നൽകി.

അതേ സമയം ചൊവ്വയിലേക്ക് നേരിട്ട് പോയി മനുഷ്യരാശിക്ക് കൂടുതലായി ഒന്നും പഠിക്കാനില്ലെന്നും നമ്മുടെ പുരാണഗ്രന്ഥങ്ങളിൽ പ്രതിപാദിച്ചിട്ടുള്ളതിൽ കൂടുതലായി ഒരു തേങ്ങയും അവിടെ ഉണ്ടാകാൻ സാധ്യതയില്ലെന്നും ഭാരതത്തിൻറെ ശാസ്ത്രീയ പൈതൃകത്തിൽ ഒരിടവേളപോലുമില്ലാതെ നിരന്തരം ഗവേഷണം നടത്തിക്കൊണ്ടിരിക്കുന്ന ഡോക്ട ർ. പിൻ. പശുപാലകിഷൻ പ്രതികരിച്ചുചൊവ്വയോ ചോവ്വയിലെക്കുള്ള യാത്രകളോ ഭാരതീയർക്ക് പുത്തരിയല്ലെന്നും, പുഷ്പക വിമാനത്തിൽ പലതവണ ചൊവ്വയിൽ പോയതായി നമ്മുടെ പുരാണങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്നും, അതുംപോരാഞ്ഞ് നമ്മുടെ പഴയ ഋഷിവര്യന്മാർ (ശാസ്ത്രജ്ഞർ) പണ്ട് ചൊവ്വയിൽ കുഴികുത്തി കക്കൂസുണ്ടാക്കിയതിനെപറ്റി പല പുരാണ ഗ്രന്ഥങ്ങളിലും സൂചനകളുണ്ടെന്നും അദ്ദേഹം പറഞ്ഞുചൊവ്വയിൽ ജലത്തിൻറെയും, മീതെയ്ൻറെയും സാന്നിധ്യമുണ്ടോ എന്ന് പരിശോക്കുന്നതിനോടൊപ്പം തന്നെ കുത്തിയ കുഴികളിൽ നമ്മുടെ പൂർവികർ ഇട്ടുപോയ എന്തെങ്കിലും അമൂല്യമായ അവശിഷ്ടങ്ങളുണ്ടോ എന്നും ശരിയ്ക്കു പരിശോധിച്ചു നോക്കണമെന്ന് താൻ ISRO-യ്ക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.  പോരാത്തതിന് ചൊവ്വയിൽ പണ്ട് തകർന്നതായി പുരാണങ്ങളിൽ രേഖപ്പെടുത്തിയിട്ടുള്ള ഒരു പുഷ്പക വിമാനത്തിൻറെ ബ്ലാക്ക് ബോക്സ് അവിടെ എവിടെയെങ്കിലും ഉണ്ടോ എന്ന് നന്നായി തിരയാനും താൻ നിർദ്ദേശം നൽകിയതായി അദ്ദേഹം പറഞ്ഞുഇതുകൊണ്ടൊന്നും ലോകമവസാനിക്കില്ലെന്നും, ശാസ്ത്രം ജയിച്ചു എന്ന് കരുതേണ്ടെന്നും അദ്ദേഹം ഓർമപ്പെടുത്തിചൊവ്വയ്ക്കപ്പുറം പോകണമെങ്കിൽ ആത്മീയതയിൽ കൂടെ മാത്രമേ സാധ്യമാവുകയുള്ളുവെന്നും അന്നേരം "യെവനൊക്കെ നമ്മുടെ അടുത്തുതന്നെ വരും, അല്ലാതെവിടെ പോവാൻ" എന്നും തെലീർഷ്യയോടെ അദ്ദേഹം മൊഴിഞ്ഞു!

പ്രമുഖ സുവിശേഷ പ്രാസoഗികനായ കെ എ. അവറാച്ചൻ ഇങ്ങനെ പ്രതികരിച്ചു, "നമ്മൾ ചൊവ്വയിലേക്ക് പോവുകയാണെങ്കിലും ചൊവ്വ നമ്മളിലേക്ക് വരികയാണെങ്കിലും ഫലം ഒന്നുതന്നെയല്ലേഇതിനിടയ്ക്കൊരു പാലമിട്ടിരുന്നേൽ അങ്ങോട്ടുമിങ്ങോട്ടും പോയിക്കളിക്കാമായിരുന്നല്ലോ, എന്തെ രീതിയിൽ ശാസ്ത്രജ്ഞരാരും ചിന്തിച്ചില്ല?”  “ഞാൻ പറഞ്ഞുവരുന്നത് മനുഷ്യന്റെ ചിന്തയ്ക്കൊരു പരിധിയുണ്ട്, എന്നാൽ ദൈവചിന്തയ്ക്കതില്ല”. “ഇതിപ്പോ ചോവ്വയിലെത്തിയതുകൊണ്ട് ലോക നിയമ ങ്ങളിലേതേലും മാറുമോഅദ്ദേഹം ചോദിച്ചു; "അങ്ങ് ചോവ്വയിലാണേലും ഇവിടെ നമ്മുടെ ഫൂമിയിലാണേലും സൈക്കിളേൽ കേറുന്നവൻ വീഴും, വെള്ളമടിക്കുന്നവൻ വാളുവെക്കും, അതാണല്ലോ പ്രകൃതി നിയമം, അതുതന്നെയാണ് ദൈവനിശ്ചയോം... അതിപ്പോ നമ്മള് വിചാരിച്ചാൽ മാറ്റാൻ പറ്റുമോ?" അദ്ദേഹം തൻറെ ആശങ്ക വ്യക്തമാക്കി.

ഇതിനിടെ ചൊവ്വയിൽ മൌണ്ട് ശാസ്ത എന്നൊരു മലയുണ്ടെന്നും അതിന്റെ താഴെയുള്ള സ്ഥലം ഊരുപമ്പ എന്നാണറിയപ്പെട്ടിരുന്നതെന്നും പ്രമുഖ നോയിസ് മേയ്കർ ശ്രീ ഈച്ച ഷാഹുൽ അറിയിച്ചു.   നാസയുടെ ക്യൂരിയൊസിറ്റി മേൽപറഞ്ഞ സ്ഥലത്തുനിന്നും ഒരു കറുത്ത തുണിയും, ചൂടടിച് ചുരുങ്ങിപോയ തേങ്ങപോലെ എന്തോ ഒരു സാധനവും കണ്ടെത്തിയതായും, എന്നാൽ നാസ വിവരം മനപൂർവം പുറത്തുവിടാത്തതാണെന്ന് തനിക്കറിവുള്ളതായും ഈച്ചയെന്നു പരക്കെ അറിയപ്പെടുന്ന ശ്രീ ഷാഹുൽ പറഞ്ഞുതൻറെ അമ്മാവൻ കരണ്ടു മക്മഹോനോട് ചൊദിചിട്ടിതിനു പരിഹാരക്രിയകളെന്തെങ്കിലും ചെയ്യാൻ പറ്റുമോ എന്നാലൊചിക്കുമെന്നും അദ്ദേഹം പറഞ്ഞുചൊവ്വയ്ക്ക് മലയാളി മങ്കമാരുടെ മാറിടങ്ങൾ ചേർത്തുവെച്ച പോലുള്ള രൂപമാണെന്നും അതിൽ നിന്നാണ് "മാർസ് " എന്ന പേര് സായിപ്പിട്ടതെന്നും, വിവരം എത്ര മലയാളികൾക്കറിയാമെന്നും  വികാരാധീനനായി അദ്ദേഹം ചോദിച്ചു.

വരുന്ന തിങ്കളാഴ്ച തിങ്കൾകോപമോഴി വാക്കാൻ തിങ്കൾപൂജയും, ചൊവ്വാഴ്ച ചൊവ്വാദോഷം ഒഴിവാക്കാനായി പ്രത്യേക പൂജയും, പിന്നെ ചുമ്മാ ഒരഞ്ചാറു പൂജകൾ വേറെയും, പോരാത്തതിന് ഒരാഴ്ച നീളുന്ന സർവമത കൂട്ടപ്രാർത്ഥനയും നടത്തുന്നതായിരിക്കുമെന്ന് WCSDSG-യും WCAP-യും ചേർന്ന് സംയുക്ത പ്രസ്ഥാവനയിറക്കി.

4 comments:

Sher said...

well written!

Harintellections said...

Thanks Sher

kalex said...


Ha aha, but some of it is going over my head!

Cherian said...

Hilarious!!! Well written. Loved reading it. Waiting for more.